കോളേജ് ഓണാഘോഷ ചിത്രങ്ങൾ അശ്ലീലമായി മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, മലപ്പുറത്ത് 12 കോളജുകളിൽ പരാതി; സൈബർ പോലീസ് അന്വേഷണം ഊർജിതമാക്കി

news image
Sep 4, 2026, 8:43 am GMT+0000 payyolionline.in

മലപ്പുറം: കോളേജ് വിദ്യാർഥിനികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഓണാഘോഷ ചിത്രങ്ങൾ അശ്ലീലമായി മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്ന പരാതിയിൽ സൈബർ പോലീസ് കേസെടുത്തു. മലപ്പുറം ജില്ലയിലെ 12-ഓളം കോളജുകളിലെ വിദ്യാർഥിനികളുടെ ചിത്രങ്ങളാണ് ഇത്തരത്തിൽ വ്യാജ അക്കൗണ്ടുകൾ വഴിയും മറ്റും അശ്ലീലമായി പ്രചരിപ്പിക്കപ്പെടുന്നത്.

ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് പുറമെ, കോളേജ് വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പങ്കുവെച്ച ഫോട്ടോകളും ചോർത്തി ദുരുപയോഗം ചെയ്തതായി സംശയമുണ്ട്. ആസൂത്രിതമായി സംഘടിത അന്വേഷണത്തിലൂടെ മാത്രമേ തട്ടിപ്പിന് പിന്നിലുള്ളവരെ കണ്ടെത്താനാകൂ എന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. ബാധിതരായ വിദ്യാർഥിനികൾക്ക് പൂർണ്ണ നിയമസഹായവുമായി എംഎസ്എഫ് വിദ്യാർഥിനി വിഭാഗമായ ‘ഹരിത’ രംഗത്തെത്തിയിട്ടുണ്ട്.

ഹരിത ഭാരവാഹികൾ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ട് പരാതി നൽകി. വിഷയം ചൂണ്ടിക്കാട്ടി സംസ്ഥാന ആഭ്യന്തര മന്ത്രിക്കും പരാതി കൈമാറുമെന്ന് ഭാരവാഹികൾ അറിയിച്ചു. മോർഫിങ്ങിനിരയായ കൂടുതൽ വിദ്യാർഥിനികൾ അതത് പോലീസ് സ്റ്റേഷനുകളിൽ ഔദ്യോഗികമായി പരാതി നൽകും. വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച് ചിത്രങ്ങൾ പ്രചരിപ്പിക്കുന്ന സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe