തിരുവനന്തപുരം: രാജ്യത്തെ കേന്ദ്ര, സംസ്ഥാന, സ്വകാര്യ സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ CUET-UG യുടെ ഫലം പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് http://cuet.nta.nic.in വഴി ഫലം പരിശോധിക്കാം. 5 വിഷയങ്ങൾ ഓപ്ഷനായി തെരഞ്ഞെടുത്തവരിൽ ഒരു വിദ്യാർഥി മാത്രം നാലെണ്ണത്തിൽ 100 പെർസന്റൈൽ മാർക്ക് സ്കോർ ചെയ്തു. 17 പേർ മൂന്നുവിഷയങ്ങളിൽ 100 പെർസന്റൈൽ മാർക്ക് നേടി. രണ്ട് വിഷയങ്ങളിൽ 150 വിദ്യാർഥികളും ഒരു വിഷയത്തിൽ 2679 പേരും 100 പെർസന്റൈൽ മാർക്ക് നേടി.
ഈ വർഷം 13.5 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ സി.യു.ഇ.ടി പരീക്ഷ എഴുതിയത്. മേയ് 13നും ജൂൺ നാലിനുമിടയിൽ രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ നടന്നത്. രാവിലെ ഒമ്പതു മുതൽ 12 വരെയും ഉച്ചക്ക് മൂന്നു മുതൽ വൈകീട്ട് ആറു വരെ രണ്ട് ഷിഫ്റ്റുകളായിട്ടായിരുന്നു പരീക്ഷ.
പരീക്ഷക്ക് ശേഷം ലഭിക്കുന്ന സ്കോർ ഉപയോഗിച്ച് വിവിധ യൂണിവേഴ്സിറ്റികളിൽ പ്രവേശനം നേടാവുന്നതാണ്. ഓരോ യൂനിവേഴ്സിറ്റിയുടെയും പ്രവേശന മാനദണ്ഡങ്ങൾക്കനുസരിച്ച് മറ്റ് രേഖകളും സമർപ്പിക്കേണ്ടി വരും. രാജ്യത്തുടനീളമുള്ള സർവകലാശാലകളിലെയും കോളേജുകളിലെയും പ്രവേശനത്തിന് സിയുഇടി യുജി സ്കോർ പരിഗണിക്കും.