കഴുകന്മാരുടെ കണക്കെടുക്കാനൊരുങ്ങി തമിഴ്നാട്; കേരളം, കർണാടക സംസ്ഥാനങ്ങളുടെ പിന്തുണതേടി

news image
Feb 1, 2023, 5:16 am GMT+0000 payyolionline.in

കോയമ്പത്തൂർ: കഴുകന്മാരുടെ കണക്കെടുക്കാനൊരുങ്ങി തമിഴ്നാട് വനം വകുപ്പ്. മാർച്ചിൽ നടത്താനിരിക്കുന്ന സർവേയ്ക്ക് കേരളത്തിന്റെയും കർണാടകയുടെയും പിന്തുണ തമിഴ്‌നാട് വനംവകുപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇക്കാര്യം ആവശ്യപ്പെട്ട് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ശ്രീനിവാസ് ആർ റെഡ്ഡി ഇരു സംസ്ഥാനങ്ങൾക്കും കത്തയച്ചു.

കഴുകന്മാർക്ക് ദീർഘദൂരം പറക്കാൻ കഴിവുള്ളതിനാലാണ് മൂന്ന് സംസ്ഥാനങ്ങളിൽ ഒരേ സമയം സർവേ നടത്തുന്നത് ഈ പ്രദേശത്തെ കൃത്യമായ എണ്ണം തിരിച്ചറിയാൻ ഇതുവഴി കഴിയും. കൂടുണ്ടാക്കുന്ന സ്ഥലങ്ങളെ തിരിച്ചറിയാൻ സർവേ വഴി കഴിയും. ഓരോ സംസ്ഥാനത്തും 20 സ്ഥലങ്ങൾ തെരഞ്ഞെടുത്ത് ബോധവൽക്കരണ പരിപാടികൾ നടത്തും.

പ്രകൃതിയുടെ തോട്ടികൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന കഴുകൻമാർ അതിരൂക്ഷമായ വംശനാശഭീഷണി നേരിടുകയാണ്. കഴുകൻമാരുടെ സംരക്ഷണമാണ് തമിഴ്നാട് ലക്ഷ്യമിടുന്നത്. ശവക്കുഴികളുടെ ശാസ്ത്രീയ പരിപാലനം, കഴുകന്മാർ ചാവാൻ ഇടയാക്കുന്ന വിഷാംശമുള്ള മരുന്നുകളുടെ നിരോധനം, കഴുകൻ സംരക്ഷണ പ്രജനനകേന്ദ്രങ്ങൾ, കഴുകന്മാരുടെ സെൻസസ് എടുക്കൽ, സംരക്ഷണ ബോധവത്കരണ പരിപാടികൾ തുടങ്ങിയവ സമിതി ആസൂത്രണം ചെയ്യും.

1998 വരെ രാജ്യത്ത് എട്ടുകോടി കഴുകന്മാർ ഉണ്ടായിരുന്നത് 2005 ആയപ്പോൾ പതിനായിരമായി ചുരുങ്ങി. അതിനാലാണ് അതീവ വംശനാശ ഭീഷണിയുള്ള വിഭാഗത്തിൽ ഇവ ഉൾപ്പെട്ടത്. വന്യമൃഗങ്ങളെ കൊല്ലാൻ അതിർത്തികളിൽ പലപ്പോഴും വിഷം വെയ്ക്കാറുണ്ട്. ഇത് ഭക്ഷിച്ച് ചാവുന്ന മൃഗങ്ങളുടെ ജഡം തിന്നാണ് കൂടുതലായും കഴുകൻമാർ ചത്തത്. വേദനയ്ക്കും നീർവീക്കത്തിനുമായി മൃഗങ്ങളിൽ കുത്തിവെയ്ക്കുന്ന മരുന്നുകളും ഘാതകരായി. ദക്ഷിണേന്ത്യയിൽ കഴുകന്മാരുടെ ആവാസകേന്ദ്രങ്ങളുള്ള ഇടങ്ങളിൽ ഇത്തരം മരുന്നുകൾ നിരോധിച്ചിട്ടുണ്ടെങ്കിലും പലയിടത്തും ഇപ്പോഴും ലഭ്യമാണ്. ഇന്ത്യയിൽ കാണപ്പെടുന്ന ഒമ്പത് ഇനം കഴുകന്മാരിൽ നാലുവിഭാഗങ്ങൾ തമിഴ്‌നാട്ടിൽ ഉണ്ടെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe