വിവാഹ വാഗ്ദാനം നൽകി പീഡനം, നിർബന്ധിത ഗർഭഛിദ്രം,മോഷണം; പീഡനക്കേസിൽ അഭിഭാഷകനെതിരെ കുറ്റപത്രം സമർപ്പിച്ചു

news image
Apr 12, 2026, 8:45 am GMT+0000 payyolionline.in

കൊച്ചി: പീഡനക്കേസിൽ അഭിഭാഷകനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മലപ്പുറം നിലമ്പൂർ സ്വദേശി കെ വൈ റാഹിബിനെതിരെയാണ് നടപടി. വിവാഹ വാഗ്ദാനം നൽകി പീഡനം, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിക്കൽ, തെളിവ് നശിപ്പിക്കൽ, ഭവന ഭേദനം, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. തന്നെ ആക്രമിക്കുകയും സാമ്പത്തിക തട്ടിപ്പ് നടത്തുകയും ചെയ്തുവെന്നാരോപിച്ച് പ്രതി നൽകിയ പരാതി വ്യാജമാണെന്നും പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. പരാതിക്കാരിയെയും മറ്റ് രണ്ടു പേരെയും ഉൾപ്പെടുത്തി വ്യാജക്കേസ് നൽകിയതാണെന്ന് സിറ്റി പൊലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. പരാതിക്കാരിക്കെതിരായ കേസ് അവസാനിപ്പിക്കണമെന്നും പൊലീസ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

2025 ഏപ്രിൽ 9ന് ജില്ലാക്കോടതി പരിസരത്തെ ബാർ അസോസിയേഷനിൽ പരാതിക്കാരിയും തൊടുപുഴ സ്വദേശി മുഹമ്മദ് യാസീനും ആലപ്പുഴ സ്വദേശി ഫാസിൽ ഹാഷിംയും ചേർന്ന് തന്നെ ആക്രമിച്ചുവെന്നായിരുന്നു റാഹിബിന്റെ പരാതി. ഫോണും ഫയലുകളും പണവുമായി ഉണ്ടായിരുന്ന പേഴ്സും തട്ടിപ്പറിച്ചെന്നും മോട്ടോർസൈക്കിളിന്റെ ഇലക്ട്രിക് വയറിംഗ് നശിപ്പിച്ചെന്നും ആരോപിച്ചു. യോട്ട് ലീസ്, റിയൽ എസ്റ്റേറ്റ് ബിസിനസുകളുമായി ബന്ധപ്പെട്ട പണം തിരികെ ആവശ്യപ്പെട്ടതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നുമായിരുന്നു വാദം. പിന്നാലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരം സെൻട്രൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് അന്വേഷണം ശരിയായ രീതിയിലല്ലെന്നാരോപിച്ച് പ്രതി ഹൈക്കോടതിയെ സമീപിക്കുകയും കമ്മീഷണറുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്താൻ ഉത്തരവ് നേടുകയും ചെയ്തു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കേസ് വ്യാജമാണെന്ന് വ്യക്തമായത്.

പ്രതിയും പരാതിക്കാരിയും യോട്ട് ലീസ് അല്ലെങ്കിൽ റിയൽ എസ്റ്റേറ്റ് ബിസിനസുകളിൽ പങ്കാളികളായിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളിൽ പരാതിക്കാരി പ്രതിയുടെ കൈയിൽ നിന്ന് ഫോൺ വാങ്ങുന്നതായി കണ്ടെങ്കിലും, മുൻപ് ഉപയോഗിക്കാൻ നൽകിയ ഫോൺ തിരികെ വാങ്ങിയതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട ബിലും രേഖകളും യുവതി പൊലീസിന് കൈമാറി. ബൈക്കിന്റെ ഇലക്ട്രിക് വയറിംഗ് നശിപ്പിച്ചെന്ന പരാതിയും വ്യാജമാണെന്ന് കണ്ടെത്തി. സംഭവത്തിന് രണ്ടു മാസത്തിന് ശേഷമാണ് അറ്റകുറ്റപ്പണിക്കായി ബൈക്ക് സർവീസ് സെന്ററിൽ എത്തിച്ചതെന്ന് ജീവനക്കാർ മൊഴി നൽകി. ബൈക്ക് എത്തിക്കുന്നതിന് മുൻപുള്ള ദിവസങ്ങളിലാണ് വയറുകൾ മുറിച്ചതെന്നും കണ്ടെത്തി. പരാതിക്കാരിയോടൊപ്പം പ്രതി ചേർക്കപ്പെട്ട മുഹമ്മദ് യാസീൻ സംഭവം നടന്ന ദിവസം രാജ്യത്ത് ഉണ്ടായിരുന്നില്ലെന്നും പൊലീസ് സ്ഥിരീകരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe