ആലപ്പുഴ: സർക്കാർ ആശുപത്രികളിൽ ബാനർകെട്ടിയുള്ള ഭക്ഷണ വിതരണം വേണ്ടെന്ന് മന്ത്രി കെ മുരളീധരൻ. കൊടികെട്ടേണ്ട സ്ഥലമല്ല സർക്കാർ ആശുപത്രികളെന്നും ഉച്ചഭക്ഷണം കമ്മ്യൂണിറ്റി കിച്ചൺ വഴി നൽകുമെന്നും അദ്ദേഹം പറഞ്ഞു. അതുവഴി ആർക്കുവെണമെങ്കിലും ഭക്ഷണം നൽകാമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു. ആലപ്പുഴ മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
‘സേവനം ചെയ്യുമ്പോൾ എന്തിനാണ് ബോർഡ്? കമ്മ്യൂണിറ്റി കിച്ചണാവുമ്പോൾ നമുക്ക് കൊണ്ട് കൊടുക്കാം. ഒരു കുഴപ്പവുമില്ല. ഞാൻ കുറച്ചുപേർക്ക് ഭക്ഷണം കൊടുക്കുന്നു. അതിലിപ്പോൾ എന്റെ ഐഡന്റിറ്റിയുടെ ആവശ്യമില്ലല്ലോ. അതിൽ എന്റെ പേരെഴുതിവെക്കേണ്ട കാര്യവുമില്ലല്ലോ. ബാനറും കൊടിയും വെച്ച് വിവാദമുണ്ടാക്കേണ്ട’, കെ മരളീധരൻ പറഞ്ഞു.
നേരത്തെ മെഡിക്കൽ കോളജുകളിൽ സൗജന്യഭക്ഷണ വിതരണം തടയണമെന്ന ജി സുധാകരൻ എംഎൽഎയുടെ പരാമർശം വലിയ വിവാദമായിരുന്നു. ഇതിനെതിരെ ഡിവൈഎഫ്ഐ രംഗത്തെത്തിയിരുന്നു. എത്ര പെട്ടെന്നാണ് മനുഷ്യരുടെ വിശപ്പിന്റെ വില ചിലർ മറന്നുപോകുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് വിമർശിച്ചിരുന്നു.
പൊതിച്ചോർ വിതരണം മഹത്തരം എന്ന ജി സുധാകരന്റെ പഴയ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാക്കുകയും ചെയ്തിരുന്നു. എന്നാൽ തന്റെ പരാമർശം വളച്ചൊടിച്ചെന്നായിരുന്നു ജി സുധാകരന്റെ പ്രതികരണം.
