പൂപ്പാറയിൽ പുഴ കയ്യേറിയവരെ ഒഴിപ്പിക്കുന്നു; പൊളിച്ച് നീക്കുക 29 വീടുകൾ ഉൾപ്പെടെ 89 കെട്ടിടങ്ങൾ, സ്ഥലത്ത് നിരോധനാജ്ഞ

news image
May 7, 2026, 5:24 am GMT+0000 payyolionline.in

ഇടുക്കി പൂപ്പാറയിൽ പന്നിയാർ പുഴ കൈയേറി നിർമിച്ച കെട്ടിടങ്ങൾ പൊളിക്കാൻ തുടങ്ങി. 29 കുടുംബങ്ങളെയാണ് ഒഴിപ്പിക്കുന്നത്. 29 വീടുകൾ ഉൾപ്പെടെ 89 കെട്ടിടങ്ങൾ പൊളിച്ച് നീക്കും. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും കർശന ഉത്തരവുകളെ തുടർന്നാണ് റവന്യു വകുപ്പിൻ്റെ നടപടി. പ്രദേശത്ത് വലിയ തോതിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് ശാന്തൻപാറ പോലിസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

പൊലീസിൻ്റെ കനത്ത സുരക്ഷയിലാണ് പ്രത്യേക റവന്യു സംഘം മണ്ണുമാന്തി യന്ത്രങ്ങളുമായി സ്ഥലത്തെത്തിയത്. പന്നിയാർ പുഴയോരം പൂർണമായും കൈയേറിയാണ് ഈ കെട്ടിടങ്ങളെല്ലാം നിർമിച്ചിരിക്കുന്നത്. ജലസ്രോതസ്സുകളുടെ സ്വാഭാവിക ഒഴുക്ക് പൂർണമായി തടസപ്പെടുത്തുന്ന വാണിജ്യ കെട്ടിടങ്ങളും ഇതിലുണ്ട്. കൂറ്റൻ കോൺക്രീറ്റ് കെട്ടിടങ്ങൾക്കും ഇപ്പോൾ നടപടി നേരിടേണ്ടി വരുന്നു. പൊളിക്കൽ പ്രവൃത്തികൾ പുരോഗമിക്കുന്നതിനാൽ പ്രദേശത്ത് ഗതാഗതവും ജനങ്ങളുടെ സഞ്ചാരവും പൂർണമായും നിരോധിച്ചു.

ആദ്യഘട്ടമായി റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ കച്ചവട സ്ഥാപനങ്ങൾ പൊളിക്കുന്ന നടപടികളാണ് ഇപ്പോൾ നടക്കുന്നത്. കച്ചവട സ്ഥാപനങ്ങൾ നേരത്തെ തന്നെ ജില്ലാ ഭരണകൂടം പൂട്ടുകയും സീൽ ചെയ്യുകയും ചെയ്തിരുന്നു. വീടുകൾ പൊളിക്കുന്ന ഘട്ടത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധം ഉയരാൻ സാധ്യതയുണ്ട്. കൃത്യമായ പുനരധിവാസം ഉറപ്പാക്കാതെ മാറില്ലെന്ന നിലപാടിലാണ് ഇവിടുത്തെ 29 കുടുംബങ്ങൾ. പുനരധിവാസം സംബന്ധിച്ച് ജില്ലാ ഭരണകൂടവും പഞ്ചായത്തും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, നിശ്ചിത സമയത്തിനുള്ളിൽ ഒഴിപ്പിക്കണമെന്ന ഹൈക്കോടതി വിധി നടപ്പിലാക്കുക എന്നതാണ് നിലവിൽ അധികൃതരുടെ മുൻഗണന. നേരത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ എത്തിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ നാട്ടുകാർ തടയുന്ന സാഹചര്യമുണ്ടായിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe