തിരുവനന്തപുരം: വയനാട്ടിൽ കുട്ടികളിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് സംസ്ഥാനം. സുൽത്താൻ ബത്തേരിയിൽ മന്ത്രി ടി സിദ്ദിഖിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രി കെ മുരളീധരൻ ഇന്ന് വൈകീട്ടോടെ വയനാട്ടിലെത്തും.
കോളയാടി മാർ ബസേലിയോസ് സ്കൂളിലെ കുട്ടികൾക്കാണ് കഴിഞ്ഞ ദിവസം ഷിഗെല്ല സ്ഥിരീകരിച്ചത്. സമാന ലക്ഷണങ്ങളുള്ള മൂന്നൂറിലധികം കുട്ടികൾ ബത്തേരിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കുട്ടികൾക്ക് പനിയും ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത്. രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയ കുട്ടികളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് രോഗബാധ സ്ഥിരീകരിച്ചത്.
ജില്ലയിലെ സ്കൂളുകളിലെ കിണറുകളിലെ വെള്ളത്തിന്റെ കൃത്യമായ പരിശോധന നടത്താനും ക്ലോറിനേഷൻ ഉൾപ്പടെയുള്ള നടപടികൾ വേഗത്തിൽ നടത്താനും കളക്ടർ നിർദേശം നൽകിയിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള പ്രത്യേക സംഘം മേഖലയിൽ പരിശോധന നടത്തിയിരുന്നു. സ്കൂളിൽ നിന്നുള്ള വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും സാമ്പിൾ പരിശോധിക്കാൻ ഡിഎംഒ അടക്കമുള്ളവർ പ്രദേശത്ത് എത്തുകയും ചെയ്തിരുന്നു.
കുടലിനെയാണ് ഷിഗെല്ല രോഗാണു പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് രോഗലക്ഷണങ്ങൾ. എന്നാൽ എല്ലാ രോഗികൾക്കും രോഗലക്ഷണങ്ങൾ കാണണമെന്നില്ല. ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുക.
മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് പ്രധാനമായും ഷിഗെല്ല രോഗം പടരുന്നത്. ആഹാരം പാകം ചെയ്യുന്നവരിൽ നിന്നും രോഗം പകരാൻ സാധ്യതയുണ്ട്. തട്ടുകടകൾ ഉൾപ്പടെയുള്ള ഭക്ഷ്യ വിൽപ്പനശാലകളിൽ പരിശോധന കർശനമാക്കുകയാണ് ആരോഗ്യവകുപ്പ്. സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകും. വൃത്തിഹീനമായി പ്രവർത്തിക്കുന്ന തട്ടുകടകൾ ഉൾപ്പടെ പൂട്ടാനാണ് നിർദേശം. കടകളിൽ സാധാരണ വെള്ളം വിതരണം ചെയ്യരുതെന്നും ക്ലോറിനേഷൻ ചെയ്ത് പൂർണമായും ശുദ്ധീകരിച്ച വെള്ളം മാത്രം നൽകണമെന്നും ആരോഗ്യ വിഭാഗം നിർദേശിച്ചിട്ടുണ്ട്.
