തൊട്ടിൽപ്പാലം: കാവിലുംപാറ പഞ്ചായത്തിലെ പക്രന്തളം, ചൂരണി, കാരിമുണ്ട പ്രദേശങ്ങളിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി ഈ പ്രദേശങ്ങളിൽ തമ്പടിച്ചിരിക്കുന്ന ആനകൾ പകൽസമയത്തുപോലും ജനവാസമേഖലകളിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുന്നത് നാട്ടുകാരെ കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കാലവർഷം ശക്തമായ പശ്ചാത്തലത്തിൽ പകൽപോലും വീടിന് പുറത്തിറങ്ങാനോ കൃഷിയിടങ്ങളിലേക്ക് പോകാനോ കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ.
കുറ്റ്യാടി ചുരത്തിന്റെ ബദൽ റോഡായ താഴെ പൂതംപാറ – ചൂരണി – പക്രന്തളം റോഡിലാണ് ഇപ്പോൾ കാട്ടാനകളുടെ സാന്നിധ്യം കൂടുതലായുള്ളത്. ഈ റൂട്ടിൽ രാത്രികാലങ്ങളിൽ ബൈക്കുകളിൽ എത്തുന്ന യാത്രക്കാർ കടുത്ത അപകടഭീഷണി നേരിടുന്നുണ്ട്. കഴിഞ്ഞദിവസം രാത്രിയിൽ ഈ വഴി വന്ന കുറ്റ്യാടി സ്വദേശികളായ യുവാക്കൾ റോഡിൽ ആനയെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. 2025-ൽ ചൂരണിയിലും കരിങ്ങാട് ജനവാസമേഖലയിലും ഒരു മാസത്തോളം പരിഭ്രാന്തി സൃഷ്ടിക്കുകയും ആറുപേരെ പരിക്കേൽപ്പിക്കുകയും ചെയ്ത കുട്ടിയാനയെ വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടിയിരുന്നു.
നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് ആക്ഷേപമുണ്ട്. ആനയെ ഓടിക്കാൻ എത്തുന്ന ആർ.ആർ.ടി (റാപ്പിഡ് റെസ്പോൺസ് ടീം) അംഗങ്ങൾക്ക് അത്യാവശ്യമായി വേണ്ട ടോർച്ച് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമല്ലെന്ന് നാട്ടുകാർ പറയുന്നു. വനംവകുപ്പ് അധികൃതർ അടിയന്തരമായി ഇടപെട്ട് പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
