തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ബസ് ക്ഷാമം പരിഹരിക്കണമെന്ന് കാട്ടി സർക്കാരിന് കത്തയച്ച് സിഎംഡി. ക്ഷാമം പരിഹരിക്കണമെങ്കിൽ 1,900 ബസുകൾ അടിയന്തരമായി വേണമെന്നാണ് ആവശ്യം. ബസ് വാങ്ങാൻ 1,400 കോടിയുടെ വിദേശ ബാങ്ക് വായ്പയ്ക്ക് അനുമതി നൽകണമെന്നും സിഎംഡി കത്തിൽ ആവശ്യപ്പെടുന്നു.
ജർമ്മൻ വികസന ബാങ്കായ കെഎഫ്ഡബ്ല്യു മുഖേന പണം കണ്ടെത്താനാണ് നീക്കം. എഐഐബി, എഡിബി തുടങ്ങിയ അന്താരാഷ്ട്ര ഏജൻസികളിൽ നിന്നും ലോൺ എടുക്കാനും തീരുമാനമുണ്ട്. 1,000 കോടി ചെലവിൽ 2,300 പുതിയ ഡീസൽ ബസുകളും 400 കോടി മുടക്കി 200 ഇലക്ട്രിക് ബസുകളുമാണ് വാങ്ങുക. വായ്പ ലഭ്യമാക്കാൻ സംസ്ഥാന സർക്കാരിന്റെ ഗ്യാരണ്ടി അത്യന്താപേക്ഷിതമാണ്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ അനുമതിക്ക് ശ്രമം നടത്തണമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
കെഎസ്ആർടിസിക്ക് 5,535 ബസുകളാണ് സംസ്ഥാനത്ത് ഒട്ടാകെ ഉള്ളത്. അതിൽ മൂവായിരത്തിലധികം വാഹനങ്ങൾ കാലാവധി പൂർത്തിയാക്കി ഷെഡ്ഡിൽ കയറ്റേണ്ട വാഹനങ്ങളാണ്. എന്നാൽ ബസ് ക്ഷാമം കെഎസ്ആർടിസി നോരിടുന്നതിനാൽ ഈ ബസുകളുടെ ഫിറ്റ്നെസ് തുടരെ പുതുക്കി നിരത്തിൽ ഇറങ്ങുകയാണ്. പ്രിയദർശിനി സൗജന്യ യാത്ര കൂടി ആരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണം ഇരട്ടിയായത് കെഎസ്ആർടിസിയെ കൂടുതൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പ്രിയദർശിനി ബസുകൾ യാത്രാ മധ്യേ പണിമുടക്കുന്നതും വഴിയിൽ ആകുന്നതും സ്ഥിരം വാർത്തകൾ പുറത്തുവരുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ ബസുകൾ എന്ന ആവശ്യവുമായി സിഎംഡി രംഗത്ത് വന്നിരിക്കുന്നത്. വിനോദ സഞ്ചാര മേഖലയിലടക്കം ഓടുന്ന പ്രിയദർശിനി ബസുകൾ പഴയ ബസുകളാണെന്നത് അപകടം വിളിച്ചു വരുത്തുമെന്ന വിമർശനവുമുണ്ട്. മലയോര മേഖലയിലടക്കം ഓടുന്ന ബസുകൾക്ക് വലിയ ആശങ്കയാണ് വിഷയത്തിൽ ഉള്ളത്.
