കരിപ്പൂരിൽ സ്വർണം പിടികൂടിയ സംഭവത്തിൽ കസ്റ്റംസിനെ പ്രതിക്കൂട്ടിലാക്കി പ്രതിയുടെ മൊഴി. സ്വർണക്കടത്ത് നടത്തിയത് കസ്റ്റംസിന്റെ ഒത്താശയോടെയാണെന്ന് മലപ്പുറം കുഴിമണ്ണ സ്വദേശി അസ്ലം മൊഴി നൽകി. ഒന്നരക്കോടി രൂപയിലധികം വിലവരുന്ന സ്വർണമാണ് എസ്പിയുടെ പ്രത്യേക സ്ക്വാഡ് പിടികൂടിയത്.
ഇന്നലെയാണ് പൊലീസ് അസ്ലമിന്റെ പക്കൽ നിന്ന് 1165 ഗ്രാം സ്വർണം പിടികൂടിയത്. ഇയാൾ ഈ സ്വർണം പത്ത് കട്ടികളായാണ് കടത്താൻ ശ്രമിച്ചത്. റിയാദിൽ നിന്ന് എമർജൻസി ലാമ്പിനുള്ളിൽ ഒളിപ്പിച്ചായിരുന്നു സ്വർണക്കടത്ത്. കസ്റ്റംസിന്റെ പരിശോധനയിൽ ഇത് കണ്ടെത്തിയില്ലെങ്കിലും പിന്നീട് പൊലീസിന്റെ പ്രത്യേക സ്ക്വാഡ് നടത്തിയ പരിശോധനയിൽ സ്വർണക്കട്ടികൾ കണ്ടെത്തുകയായിരുന്നു.
തന്നെ സ്വർണം ഏൽപ്പിച്ചയാൾ വിമാനത്താവളത്തിൽ എല്ലാം സെറ്റാണെന്ന് തന്നോട് പറഞ്ഞിരുന്നുവെന്നാണ് അസ്ലമിന്റെ മൊഴി. കസ്റ്റംസ് പരിശോധനയിൽ ഒന്നും പേടിക്കേണ്ടെന്നായിരുന്നു തനിക്ക് ലഭിച്ച നിർദേശമെന്നും ഇയാൾ വെളിപ്പെടുത്തി. എന്നാൽ ഇതിൽ കസ്റ്റംസിന്റെ പങ്ക് എത്രത്തോളമെന്നും മൊഴി വിശ്വാസയോഗ്യമാണോ എന്നും വിശദമായ പരിശോധനകൾ നടന്നാൽ മാത്രമേ പറയാൻ സാധിക്കൂ.
