മലപ്പുറം: കടലിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു. പൊന്നാനി മരക്കടവ് സ്വദേശി റാഫി (33) ആണ് മരിച്ചത്. അപകടത്തിൽ വള്ളത്തിലുണ്ടായിരുന്ന മറ്റ് രണ്ട് മത്സ്യത്തൊഴിലാളികൾക്കും പരിക്കേറ്റു. മുഹമ്മദ് കുട്ടി, അശ്റഫ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.
ബുധനാഴ്ച വൈകിട്ടോടെയാണ് റാഫി ഉൾപ്പെടെ നാലു പേർ ‘മസ്ജിദു നബവി’ എന്ന ഫൈബർ വള്ളത്തിൽ മത്സ്യബന്ധനത്തിനായി പൊന്നാനി ഹാർബറിന് സമീപം കടലിലേക്ക് പുറപ്പെട്ടത്. രാത്രിയിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ പ്രദേശത്ത് ശക്തമായ ഇടിമിന്നലുണ്ടാവുകയും വള്ളത്തിലുണ്ടായിരുന്ന തൊഴിലാളികൾക്ക് ഏൽക്കുകയുമായിരുന്നു. റാഫിക്കും മറ്റ് രണ്ടു പേർക്കുമാണ് മിന്നലേറ്റ് പരിക്കേറ്റത്.
അപകടം നടന്നയുടൻ കൂടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ റാഫിയെയും പരിക്കേറ്റ മറ്റുള്ളവരെയും കരയിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു. ഗുരുതരമായി പരിക്കേറ്റ റാഫിയെ ഉടൻ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകിയെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. അപകടത്തിൽ പരിക്കേറ്റ മറ്റ് രണ്ടു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ചികിത്സ തുടരുകയാണ്. പിതാവ്: മുഹമ്മദ് കുട്ടി. മാതാവ്: പാത്തുട്ടി. സഹോദരങ്ങൾ: കോയ (കബഡി കോയ), സാദിഖ്, സീനത്ത്, മുംതാസ്, ജമീല.
