ന്യൂഡൽഹി : പാക്കറ്റുകളിലെ ഭക്ഷ്യവസ്തുക്കളിൽ അമിതമായ അളവിൽ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ടെങ്കിൽ പാക്കറ്റിന്റെ മുൻവശത്ത് തന്നെ വ്യക്തമായ മുന്നറിയിപ്പ് ലേബലുകൾ നിർബന്ധമാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. അനാരോഗ്യകരമായ ഭക്ഷ്യവസ്തുക്കൾ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ തിരിച്ചറിയാനായി ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ.) മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ കൂടുതൽ കർശനമാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർണ്ണായക ഇടപെടൽ.
ഓരോ ഘടകത്തിനും ഒറ്റ മുന്നറിയിപ്പ് നൽകുന്നതിന് പകരം, നിശ്ചിത പരിധിയിൽ കൂടുതൽ പഞ്ചസാരയോ ഉപ്പോ പൂരിത കൊഴുപ്പോ അടങ്ങിയിട്ടുണ്ടെങ്കിൽ വെവ്വേറെ ചുവന്ന ഷഡ്ഭുജാകൃതിയിലുള്ള മുന്നറിയിപ്പ് ചിഹ്നങ്ങൾ നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. ‘ഹൈ ഷുഗർ’, ‘ഹൈ സാൾട്ട്’, ‘ഹൈ ഫാറ്റ്’ എന്നിങ്ങനെ വ്യക്തമായ വാക്കുകളും അതത് ഘടകങ്ങളെ സൂചിപ്പിക്കുന്ന ചിത്രരൂപങ്ങളും മുൻവശത്ത് പ്രദർശിപ്പിക്കണം. പാക്കറ്റ് തിരിച്ചുനോക്കി ചെറിയ അക്ഷരങ്ങളിലുള്ള പോഷകവിവര പട്ടിക വായിക്കാതെ തന്നെ അപകടകരമായ ഘടകങ്ങൾ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ ഇതിലൂടെ സാധിക്കും. വെള്ള പശ്ചാത്തലത്തിൽ ചുവന്ന ഷഡ്ഭുജാകൃതിയിലുള്ള ഈ മുന്നറിയിപ്പുകൾ പാക്കറ്റിന്റെ പ്രധാന പ്രദർശന ഭാഗത്തിന്റെ നാല് മുതൽ അഞ്ച് ശതമാനം വരെ വലിപ്പത്തിലും, പിന്നിലെ പോഷകവിവര പട്ടികയേക്കാൾ വലിയ അക്ഷരങ്ങളിലുമായിരിക്കണം.
’ആഡഡ് ഷുഗർ’, ‘ആഡഡ് ഫാറ്റ്’ എന്നിവയ്ക്ക് പകരം ‘ടോട്ടൽ ഷുഗർ’, ‘സാച്ചുറേറ്റഡ് ഫാറ്റ്’ എന്നിവ അടിസ്ഥാനമാക്കി മുന്നറിയിപ്പ് പരിധി നിശ്ചയിക്കണമെന്നും കോടതി വ്യക്തമാക്കി. ഒന്നിലധികം ഘടകങ്ങൾ കൂടുതലുള്ള ഉൽപ്പന്നങ്ങൾക്ക് മാത്രം ആദ്യഘട്ടത്തിൽ മുന്നറിയിപ്പ് നൽകാമെന്ന എഫ്.എസ്.എസ്.എ.ഐയുടെ മുൻ നിലപാട് തിരുത്തിക്കൊണ്ട്, പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവയിൽ ഏതെങ്കിലും ഒന്ന് പരിധിയിൽ കൂടുതലുണ്ടെങ്കിൽ പോലും മുന്നറിയിപ്പ് ലേബൽ നിർബന്ധമാക്കിയിട്ടുണ്ട്.
2022 മുതൽ ആരംഭിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിലുണ്ടായ കാലതാമസത്തെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. കമ്പനികൾക്ക് സ്വമേധയാ നടപ്പിലാക്കാൻ 365 ദിവസത്തെ സാവകാശം നൽകാനുള്ള നിർദ്ദേശത്തിലും കോടതി ആശങ്ക രേഖപ്പെടുത്തി. വാണിജ്യ താൽപ്പര്യങ്ങൾക്ക് മുകളിലാണ് പൊതുജനാരോഗ്യമെന്നും, ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള ജീവിക്കാനും ആരോഗ്യത്തോടെയിരിക്കാനുമുള്ള അവകാശവുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും കോടതി ഊന്നിപ്പറഞ്ഞു.
കുട്ടികൾക്കിടയിൽ പാക്കറ്റ് ലഘുഭക്ഷണങ്ങളുടെയും മധുരപാനീയങ്ങളുടെയും ഉപയോഗം വർധിക്കുന്നതും, പൊണ്ണത്തടി, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ കൂടുന്നതും കണക്കിലെടുത്താണ് കോടതിയുടെ ഇടപെടൽ. കേരളം ആസ്ഥാനമായുള്ള ‘3എസ് ആൻഡ് അവർ ഹെൽത്ത് സൊസൈറ്റി’ എന്ന സന്നദ്ധ സംഘടന നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഏകദേശം 100 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യൻ ഭക്ഷ്യ-പാനീയ വ്യവസായ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് ഈ വിധി വഴിവെക്കും. ആരോഗ്യ പ്രവർത്തകരും ഉപഭോക്തൃ സംഘടനകളും തീരുമാനത്തെ സ്വാഗതം ചെയ്തു.
