കണ്ണൂർ കെ കെ രാധാകൃഷ്ണൻ വധക്കേസ്; പ്രതി സന്തോഷിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

news image
Nov 24, 2026, 2:09 am GMT+0000 payyolionline.in

കണ്ണൂർ: കണ്ണൂര്‍ കൈതപ്രത്തെ ഓട്ടോ ഡ്രൈവര്‍ കെ കെ രാധാകൃഷ്ണനെ വെടിവെച്ചു കൊന്ന കേസിലെ പ്രതി സന്തോഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രാധാകൃഷ്ണന്‍റെ ഭാര്യയും കേസിലെ പ്രതിയുമായിരുന്ന മിനി നമ്പ്യാരുടെ വീടിനു സമീപത്തെ റബര്‍ തോട്ടത്തിലാണ് സന്തോഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. മിനിയുടെ അറിവോടെയായിരുന്നു സുഹൃത്തായ സന്തോഷ് രാധാകൃഷ്ണനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

വൈകിട്ട് ഏഴു മണിയോടെയാണ് സുഹൃത്തായ മിനി നമ്പ്യാരുടെ മാതമംഗലത്തെ വീടിന് സമീപത്തെ റബര്‍ തോട്ടത്തിൽ സന്തോഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. 2025 മാര്‍ച്ച് 20നാണ് കൈതപ്രത്ത് പുതിയതായി പണിയുന്ന വീട്ടില്‍ വെച്ച് മിനി നമ്പ്യാരുടെ ഭര്‍ത്താവ് രാധാകൃഷ്ണനെ സന്തോഷ് വെടിവെച്ച് കൊലപ്പെടുത്തിയത്. മിനിയുമായി സന്തോഷ് അടുപ്പത്തിലായിരുന്നു. ഇതിന്‍റെ പേരില്‍ രാധാകൃഷ്ണന്‍ ആവര്‍ത്തിച്ചു മിനിയെ ശകാരിച്ചതായിരുന്നു പ്രകോപനം. രാധാകൃഷ്ണനെ കൊലപ്പെടുത്തുന്നതിന് മുമ്പ് എയര്‍ഗണുമായി നില്‍ക്കുന്ന ചിത്രം സന്തോഷ് ഫേസ് ബുക്കില്‍ പോസ്റ്റു ചെയ്തിരുന്നു. വാട്സാപ് ചാറ്റും ഫോണ്‍ കോള്‍ വിശദാംശങ്ങളും പരിശോധിച്ച പൊലീസ് മിനിയുടെ അറിവോടെയാണ് ഭര്‍ത്താവിനെ സന്തോഷ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയിരുന്നു. രാധാകൃഷ്ണനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സന്തോഷും മിനിയും പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe