‘പാർട്ടി ഗ്രാമത്തിൽ ഇരട്ടച്ചങ്കൻ വിയർക്കുന്ന കാഴ്ച്ച, തോൽവിയുടെ ഉത്തരവാദിത്തം പിണറായി വിജയൻ ഏറ്റെടുക്കണം’

news image
May 6, 2026, 9:18 am GMT+0000 payyolionline.in

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയൻ രാജിവയ്ക്കണമെന്ന് വടകരയിലെ നിയുക്ത എംഎൽഎ കെ കെ രമ. പിണറായി പോലൊരു സ്ഥലത്ത് ധർമ്മടം മണ്ഡലത്തിൽ ആറ് തവണയാണ് പിണറായി വിജയന്റെ ലീഡ് താഴെ പോയതെന്നും അത് പരാജയം തന്നെയാണെന്നും കെ കെ രമ പറഞ്ഞു. പാർട്ടി ഗ്രാമത്തിൽ ഇരട്ടച്ചങ്കൻ വിയർക്കുന്ന കാഴ്ച്ച നാം കണ്ടതാണെന്നും പരാജയത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി വയ്ക്കുന്നതാണ് നല്ലതെന്നും കെ കെ രമ പറഞ്ഞു.

കോൺഗ്രസ് മുഖ്യമന്ത്രിയായി ആരെ തീരുമാനിക്കുന്നോ അത് അംഗീകരിക്കുമെന്നും കെ കെ രമ വ്യക്തമാക്കി. ‘മികച്ച വിജയമാണ് യുഡിഎഫിനുണ്ടായത്. പാർട്ടിയുടെ ശക്തികേന്ദ്രങ്ങൾ, രക്തസാക്ഷികളുടെ ഗ്രാമങ്ങൾ, കയ്യൂരും കരിവെളളൂരുമുൾപ്പെടെയുളള ഗ്രാമങ്ങളിൽ പാർട്ടിക്ക് അടിപതറി എന്ന് പറയുമ്പോൾ പാർട്ടിക്കാർ മുഴുവൻ കൈപ്പത്തിക്ക് വോട്ടുചെയ്തു എന്നാണ് കാണേണ്ടത്. അരിവാളിനല്ലാതെ മറ്റൊരു ചിഹ്നത്തിന് വോട്ടുചെയ്യാൻ താൽപ്പര്യമില്ലാത്ത കമ്മ്യൂണിസ്റ്റുകാർ കൈപ്പത്തിക്കും കോണിക്കും വോട്ടുചെയ്യാൻ തയ്യാറായിട്ടുണ്ടെങ്കിൽ അത്രയധികം ഭരണവിരുദ്ധ, പാർട്ടി വിരുദ്ധ, നേതാക്കൾക്കെതിരായ വികാരം അണികളിലുണ്ട്. വലിയ ഭൂരിപക്ഷമാണ് വിജയിച്ചയിടങ്ങളിലെല്ലാം യുഡിഎഫിനുണ്ടായത്. എൽഡിഎഫ് ജയിച്ചിടങ്ങളിൽ വളരെ കുറവ് വോട്ടിനാണ് അവരുടെ ജയം. പാർട്ടിയുടെ ഇന്നത്തെ പോക്കിനെതിരെ അണികൾ തന്നെയാണ് തീരുമാനമെടുത്തത്’- കെ കെ രമ പറഞ്ഞു.

മന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതു സംബന്ധിച്ച ചോദ്യത്തിന്, അത്തരം ചർച്ചകൾ നടന്നിട്ടില്ലെന്നും പാർട്ടിയുമായി ആലോചിച്ച് തീരുമാനമെടുക്കും എന്നുമായിരുന്നു കെ കെ രമയുടെ മറുപടി. ‘കഴിഞ്ഞ 5 വർഷവും നിയമസഭയിൽ ഞങ്ങളുടെ ശബ്ദം അടിച്ചമർത്താൻ 99 പേർ നടത്തിയ ശ്രമങ്ങളുണ്ട്. അപ്പോഴും ഞങ്ങൾ 41 പേർ ഉണ്ടായിരുന്നു. ഇപ്പോൾ അവർക്ക് 35 പേരേയുളളു. ഞങ്ങൾ പ്രതിപക്ഷ ശബ്ദം അടിച്ചമർത്താൻ തയ്യാറാവില്ല. ജനാധിപത്യപരമായി അവർക്ക് പറയാനുളളത് കേൾക്കുകയും വിമർശനങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടുപോവുകയും ചെയ്യും. ജനങ്ങൾക്കുവേണ്ടി ശക്തമായ ഭരണം കാഴ്ച്ചവയ്ക്കും’-കെ കെ രമ കൂട്ടിച്ചേർത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe