പി.ടി. അമ്മദ് മാസ്റ്റർ – ഉണ്ണര രക്തസാക്ഷി ദിനാചരണം

news image
Oct 17, 2026, 7:28 am GMT+0000 payyolionline.in

പയ്യോളി: 1969 ഒക്ടോബർ 16-ന് പയ്യോളി കടപ്പുറത്തുവച്ച് കൊല്ലപ്പെട്ട പി.ടി. അമ്മദ് മാസ്റ്ററുടെയും ഉണ്ണരയുടെയും 57-ാം രക്തസാക്ഷി ദിനം പയ്യോളിയിലും തുറയൂരിലുമായി ആചരിച്ചു. സി.പി.ഐ.എം. പയ്യോളി സൗത്ത്, നോർത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പയ്യോളിയിൽ ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി രാവിലെ വിവിധ ബ്രാഞ്ച് കേന്ദ്രങ്ങളിൽ പതാക ഉയർത്തുകയും പ്രഭാതഭേരി നടത്തുകയും ചെയ്തു.

വൈകീട്ട് ബാൻഡ് മേളങ്ങളുടെ അകമ്പടിയോടെ നെല്ല്യേരി മാണിക്കോത്തുനിന്നും നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന ബഹുജന റാലി ബീച്ച് റോഡിൽ സമാപിച്ചു. തുടർന്ന് നടന്ന സമാപന സമ്മേളനം സി.പി.ഐ.എം. തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി. ശശിധരൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ പി.വി. മനോജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ സെക്രട്ടറി എം.പി. ഷിബു, ജില്ലാ കമ്മിറ്റി അംഗം ദീപ ഡി. ഓൾഗ, മുതിർന്ന നേതാവ് ടി. ചന്തു, ഏരിയ കമ്മിറ്റി അംഗങ്ങളായ ടി. അരവിന്ദാക്ഷൻ, കെ.കെ. മമ്മു എന്നിവർ സംസാരിച്ചു. സൗത്ത് ലോക്കൽ സെക്രട്ടറി കെ.ടി. ലിഖേഷ് സ്വാഗതവും നോർത്ത് ലോക്കൽ സെക്രട്ടറി എൻ.സി. മുസ്തഫ നന്ദിയും പറഞ്ഞു.

ഇതിനുപുറമെ, സി.പി.ഐ.എം. തുറയൂർ, ഇരിങ്ങത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പയ്യോളി അങ്ങാടിയിലും രക്തസാക്ഷി ദിനാചരണം നടന്നു. ഇവിടെയും ബ്രാഞ്ച് കേന്ദ്രങ്ങളിൽ പതാക ഉയർത്തലും പ്രഭാതഭേരിയും സംഘടിപ്പിച്ചു. തുറയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടത്തുംതാഴെ നിന്നും ഇരിങ്ങത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തോലേരിയിൽ നിന്നും വൈകീട്ടോടെ ആരംഭിച്ച ബഹുജന റാലികൾ പൊതുസമ്മേളന നഗരിയായ പയ്യോളി അങ്ങാടിയിൽ സംഗമിച്ചു.

സമാപന സമ്മേളനം സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി അംഗം എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. തുറയൂർ ലോക്കൽ സെക്രട്ടറി ടി.എം. ദീപേഷ് അധ്യക്ഷനായ ചടങ്ങിൽ ഏരിയ സെക്രട്ടറി എം.പി. ഷിബു, ഏരിയ കമ്മിറ്റി അംഗങ്ങളായ എസ്.കെ. അനൂപ്, സി.ടി. അജയഘോഷ്, സി.വി. ശ്രുതി, ഇരിങ്ങത്ത് ലോക്കൽ സെക്രട്ടറി കെ.കെ. ശശി, പി.കെ. കിഷോർ, ആർ. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗം വി. ഹമീദ് ചടങ്ങിന് സ്വാഗതം ആശംസിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe