കോഴിക്കോട്: ബാങ്ക് ജീവനക്കാരിയായ യുവതിയെ ഇതേ സ്ഥാപനത്തിലെ ക്ലറിക്കൽ സ്റ്റാഫായ യുവാവ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ പോലീസ് കുറ്റപത്രം സമർപിച്ചു. കോഴിക്കോട് വെസ്റ്റ്ഹില്ലിലെ സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോലി ചെയ്തിരുന്ന തിരുവനന്തപുരം ചിറ്റാട്ടുമുക്ക് സ്വദേശി മേനംകുളം പുതുവാൾ വീട്ടിൽ അമ്പു(29) വിനെതിരായയ കേസിലാണ് കോഴിക്കോട് നടക്കാവ് പോലീസ് കുറ്റപത്രം സമർപിച്ചത്. ഇതേ ബാങ്കിലെ ഇൻഷുറൻസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന 26 കാരിയാണ് പീഡനത്തിന് ഇരയായത്.
01.09.2024 മുതൽ 06.09.2026 വരെയുള്ള കാലയളവിൽ ഇയാൾ വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പല തവണകളിലായി കോഴിക്കോട് നടക്കാവിലുള്ള നെക്‌സ്റ്റ് സ്‌റ്റേ ഹോട്ടലിലും റെയിൽവേ സ്‌റ്റേഷന് സമീപത്ത് പ്രവർത്തിക്കുന്ന ദർവേഷ് ഹോട്ടലിലും പാലക്കാട് ജില്ലയിലെ എ.ടി.എസ് റസിഡൻസിയിൽ വെച്ചും പീഡനം നടന്നുവെന്നാണ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്നും ഇയാൾ പിൻമാറുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് നടക്കാവ് പോലീസ് ഇൻസ്‌പെക്ടർ ജംഷീദിന്റെ നേതൃത്വത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഭാരതീയ ന്യായസംഹിത വകുപ്പാണ് യുവാവിനെതിരേ ചുമത്തിയത്. അമ്പുവിനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് കോടതി ഇയാളെ റിമാന്റ് ചെയ്തിരുന്നു. ജോലി ചെയ്തിരുന്ന ബാങ്കിൽ നിന്നും ഇയാളെ സസ്‌പെന്റ് ചെയ്തതായി അധികൃതർ അറിയിച്ചു.
