വൈദ്യുതി കരാർ വിവാദം സമവായത്തിലേക്ക്, ക്ലിഫ് ഹൗസിലെ ചർച്ചയിൽ മഞ്ഞുരുകി; പുതിയ കരാർ സാധ്യത തേടും

news image
Nov 12, 2026, 6:47 am GMT+0000 payyolionline.in

തിരുവനന്തപുരം: വലിയ തർക്കങ്ങൾക്ക് വഴിവച്ച വൈദ്യുതി പർച്ചേസ് വിവാദം സമവായത്തിലേക്ക്. ക്ലിഫ് ഹൗസിലെ ചർച്ചയിൽ മഞ്ഞുരുകി. മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രിമാരായ സണ്ണി ജോസഫും രമേശ് ചെന്നിത്തലയും ചർച്ചയിൽ പങ്കെടുത്തു. കെഎസ്ഇബി എംഡിയുമായി പ്രത്യേകം ചർച്ച നടത്തിയത് അല്ലെന്നും ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം കണ്ടതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. നിലവിൽ വൈദ്യുതി ക്ഷാമം ഇല്ലെന്നും രണ്ട് മാസത്തേക്ക് വൈദ്യുതി വാങ്ങേണ്ടതില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സണ്ണി ജോസഫ് ചർച്ചയിൽ എതിർപ്പൊന്നും ഉയർത്തിയില്ല. ഭാവി മുന്നിൽ കണ്ട് പുതിയ കരാർ സാധ്യത തേടാൻ ധാരണയായി. ചർച്ചയിൽ രമേശ് ചെന്നിത്തലയും പങ്കെടുത്തു. ബോർഡ് – കോർപറേഷൻ ചർച്ചക്കിടെ ആയിരുന്നു വൈദ്യുതി വിവാദത്തിലെ ചർച്ച. ജിഎൻഎ കരാർ പിന്മാറ്റം അറിഞ്ഞില്ലെന്ന സണ്ണി ജോസഫിന്‍റെ തുറന്നു പറച്ചിൽ വിവാദമായിരുന്നു.

ജിഎൻഎയുമായുള്ള വൈദ്യുതി കരാർ റദ്ദാക്കിയതിലും ഹിമാചലിൽ നിന്നുള്ള വൈദ്യുതി വാങ്ങൽ നീക്കത്തെ സംശയ നിഴലിലാക്കിയതിലുമാണ് വൈദ്യുതി മന്ത്രി സണ്ണി ജേസഫിന് അതൃപ്തിയുണ്ടായത്. ജിഎൻഎയിൽ നിന്ന് തൽക്കാലം വൈദ്യുതി വാങ്ങില്ലെന്ന് താൻ അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് അദ്ദേഹം പറഞ്ഞത് വലിയ ചർച്ചയായിരുന്നു. വൈദ്യുതി ബോർഡ് ചെയർമാനുമായും ഊർജ സെക്രട്ടറിയുമായും മുഖ്യമന്ത്രി സംസാരിച്ചു എന്നാണ് താൻ വാർത്തകളിൽനിന്നു മനസിലാക്കിയതെന്നും മന്ത്രി പറയുകയുണ്ടായി. മന്ത്രിയെ അവ​ഗണിച്ച് പവ‍ർ സെക്രട്ടറിയും വൈദ്യുതി ബോർഡ് ചെയ‍ർമാനും മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് കാര്യങ്ങൾ തീരുമാനിച്ചതിൽ മന്ത്രിക്കുള്ള കടുത്ത പ്രതിഷേധമാണ് മറനീക്കി പുറത്തുവന്നത്.

അതേസമയം വൈദ്യുതി മന്ത്രിയുടെ വാദം മുഖ്യമന്ത്രി തള്ളിയതും വലിയ ചർച്ചയായിരുന്നു. വൈദ്യുതി ബോർഡ് അയച്ച ഫയൽ മന്ത്രിയാണ് തനിക്കയച്ചത്. തീരുമാനമെടുത്ത ശേഷം മന്ത്രിക്കാണ് തിരിച്ചയച്ചത്. മന്ത്രിയാണ് ബോർഡിന് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. പരസ്യമായി മന്ത്രിയെ തള്ളി മുഖ്യമന്ത്രി രം​ഗത്ത് വന്നത് ചർച്ചയായതിന് വിവാദങ്ങൾക്കിടെ സണ്ണി ജോസഫിനെ കെഎസ്ഇബി ചെയർമാൻ എൻ പ്രശാന്ത് ഇന്നലെ കണ്ടു. ഇതുവരെ ഉണ്ടായ സംഭവ വികാസങ്ങള്‍ ചെയര്‍മാന്‍ മന്ത്രിയെ ധരിപ്പിച്ചതായാണ് സൂചന. പിന്നാലെയാണ് ക്ലിഫ് ഹൌസിൽ മഞ്ഞുരുകൽ ചർച്ച നടന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe