തിക്കോടി മാപ്പിള എൽ.പി. സ്കൂൾ ശതാബ്ദി ആഘോഷം ‘ശതോത്സവ്’ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ നടക്കും

news image
May 27, 2026, 1:06 pm GMT+0000 payyolionline.in

തിക്കോടി: മലബാറിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ഒരു നൂറ്റാണ്ടുകാലമായി ആയിരങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നുനൽകിയ തിക്കോടി മാപ്പിള എൽ.പി. സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ നിറവിലേക്ക്. 1927-ൽ സ്ഥാപിതമായ ഈ വിദ്യാലയം ഒരു നൂറ്റാണ്ട് പൂർത്തിയാക്കുന്ന വേളയിൽ ‘ശതോത്സവ്’ എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ ശതാബ്ദി ആഘോഷ പരിപാടികളാണ് സ്വാഗതസംഘം ആസൂത്രണം ചെയ്തിരിക്കുന്നത്.

ആഘോഷങ്ങൾക്ക് നാന്ദി കുറിച്ചുകൊണ്ട് മെയ് 30-ന് സ്കൂൾ പരിസരത്ത് നിന്ന് വിപുലമായ വിളംബര ജാഥ സംഘടിപ്പിക്കും. മുത്തുക്കുടകൾ, വാദ്യമേളങ്ങൾ, വിവിധ നാടൻ കലാരൂപങ്ങൾ എന്നിവ വിളംബര ജാഥയ്ക്ക് മാറ്റ് കൂട്ടും. ശതാബ്ദി ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ജൂൺ ഒന്നിന് പ്രശസ്ത നോവലിസ്റ്റും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ബി.എം. സുഹ്റ നിർവ്വഹിക്കും. ഇതോടൊപ്പം നടക്കുന്ന പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ഫൈസൽ നിർവ്വഹിക്കുന്നതാണ്.

ഒരു വർഷം നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ജൂൺ മാസം മുതൽ സ്കൂളിൽ അരങ്ങേറുന്നത്. ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്കൂളിന്റെ 100 വർഷത്തെ സ്മരണയ്ക്കായി 100 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും. ജൂൺ 19 വായനാദിനത്തിൽ വിദ്യാർത്ഥികൾക്കായി വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ‘ആണ്ടോളം നീണ്ട വായന’ പദ്ധതിക്ക് തുടക്കമാകും. ഇതോടൊപ്പം രക്ഷാകർത്തൃ സംഗമം, രചനാ മത്സരങ്ങൾ, ഖുർആൻ പാരായണ മത്സരം എന്നിവയും നടക്കും. ജൂലൈ 5 ബഷീർ ദിനത്തിൽ രക്ഷിതാക്കൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കുമായി ‘എന്റെ സ്കൂൾ ഓർമ്മകൾ’ എന്ന വിഷയത്തിൽ രചനാ മത്സരവും, ജൂലൈ 28-ന് മഴക്കാല ശുചിത്വ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിക്കും.

തുടർന്നുള്ള മാസങ്ങളിൽ ആഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മെഗാ ക്വിസ് മത്സരവും, സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ മൺമറഞ്ഞ അധ്യാപകരുടെ ഫോട്ടോ അനാച്ഛാദനം, പൂർവ്വ അധ്യാപകരെ ആദരിക്കൽ, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ എന്നിവയും നടക്കും. ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ശുചിത്വ പ്രവർത്തനങ്ങളും പ്ലാസ്റ്റിക് വിരുദ്ധ ബോധവൽക്കരണവും, നവംബർ 10-ന് കായികമേള, യോഗ, ഫിറ്റ്നസ് ക്ലാസ്സുകളും ഉണ്ടാകും. ഡിസംബർ 18-ന് രക്ഷിതാക്കൾക്കായി ക്വിസ് മത്സരവും ഫിലിം ഫെസ്റ്റിവലും സംഘടിപ്പിക്കുമ്പോൾ, ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ പൊതുജനങ്ങൾക്കായി മെഗാ മെഡിക്കൽ ക്യാമ്പാണ് ഒരുക്കുന്നത്. ഫെബ്രുവരിയിൽ പ്രശസ്ത ചിത്രകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ചിത്രരചനാ ക്യാമ്പ് നടക്കും.

ആഘോഷങ്ങളുടെ സമാപന മാസമായ മാർച്ചിൽ ശതാബ്ദി സുവനീർ പ്രകാശനം, ഡിജിറ്റൽ മാഗസിൻ പതിപ്പുകൾ പുറത്തിറക്കൽ, സാംസ്കാരിക സദസ്സ്, വിപുലമായ കലാപരിപാടികൾ എന്നിവയോടെ വാർഷികാഘോഷങ്ങൾക്ക് സമാപനമാകും. ശതാബ്ദി ആഘോഷങ്ങളുടെ വിജയത്തിനായി സ്വാഗതസംഘം ചെയർമാൻ ഹമീദ് പുതുക്കടി, വൈസ് ചെയർമാൻ പി.ടി. സുവീഷ്, ജനറൽ കൺവീനർ എം.വി. സിന്ധു, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സി.എച്ച്. രാമചന്ദ്രൻ, പബ്ലിസിറ്റി കൺവീനർ ആർ.എസ്. ആദർശ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയായി വരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe