വടകര: കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ വടകരയിൽ അറസ്റ്റിൽ. കുന്നുമ്മൽത്താഴെ ഷബീർ (36), പുതുപ്പണം ചന്ദനപറമ്പ് സജീർ (44), മലപ്പുറം സ്വദേശി ജംഷീദ് (31) എന്നിവരെയാണ് വടകര പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്. പ്രതികളിൽ നിന്ന് 40 ഗ്രാം എം.ഡി.എം.എയും ഇവർ സഞ്ചരിച്ചിരുന്ന KL 83 B 2461 നമ്പറിലുള്ള കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
ബെംഗളൂരുവിൽ നിന്ന് ബസ് മാർഗം കോഴിക്കോട്ടെത്തിച്ച് പ്രാദേശികമായി വിതരണം ചെയ്യുന്നതിനായി കാറിൽ കടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലാകുന്നത്. കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കോഴിക്കോട് റൂറൽ ജില്ലാ ഡാൻസാഫ് സ്ക്വാഡും വടകര പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എസ്.ഐ. മനോജ് രാമത്ത്, എ.എസ്.ഐമാരായ ഇ.വി. ഷാജി, ബി.സി. ബിനീഷ്, സി.എം. സുനിൽകുമാർ, എസ്.സി.പി.ഒ. ശോഭിത് ടി.കെ, സി.പി.ഒമാരായ അനൂപ് സെൻ, അതുൽ, അഖിലേഷ് വി.കെ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
