മണിയൂർ പോക്സോ കേസ്: പയ്യോളി പോലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം

news image
Oct 26, 2026, 7:42 am GMT+0000 payyolionline.in

പയ്യോളി: കോടതി ജാമ്യം റദ്ദാക്കിയ പോക്സോ കേസ് പ്രതിക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയെന്നാരോപിച്ച് പയ്യോളി പോലീസ് സ്റ്റേഷനു മുന്നിൽ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം നടത്തി. 12 വയസ്സുകാരിയെ മാതാവിന്റെ സഹായത്തോടെ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിയായ ചങ്ങരോത്ത് അബ്ദുൾ റഫീക്കിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചത്. പയ്യോളി ടൗണിൽ നിന്ന് പ്രകടനമായെത്തിയ സമരസമിതി പ്രവർത്തകരെ സ്റ്റേഷൻ കവാടത്തിൽ പോലീസ് തടഞ്ഞു.

കഴിഞ്ഞ ആഴ്ച നടന്ന സ്റ്റേഷൻ മാർച്ചിലുണ്ടായ വീഴ്ചകളുടെ പശ്ചാത്തലത്തിൽ വൻ മുന്നൊരുക്കങ്ങളാണ് ഇത്തവണ പോലീസ് നടത്തിയത്. സ്റ്റേഷൻ കവാടത്തിൽ ബാരിക്കേഡുകൾ വച്ച് കെട്ടിയുറപ്പിച്ചും പോലീസ് ലോറിയുപയോഗിച്ച് രണ്ടാം ഗേറ്റ് അടച്ചും സുരക്ഷ ശക്തമാക്കി. പയ്യോളി പോലീസിന് പുറമെ വടകര, കൊയിലാണ്ടി, ചോമ്പാൽ സ്റ്റേഷനുകളിൽ നിന്നുള്ള വൻ പോലീസ് സംഘത്തെയും സ്ഥലത്ത് വിന്യസിച്ചിരുന്നു.

കേസിൽ പ്രതിയായ അബ്ദുൾ റഫീക്കിന് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി നൗഷാദലി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ ജനരോഷമുയർന്നതോടെ കൊയിലാണ്ടി പോലീസ് സി.ഐ. ആർ. പ്രശാന്ത് കോടതിയിൽ നൽകിയ അപേക്ഷയിലാണ് ജാമ്യം റദ്ദാക്കിയത്. എന്നാൽ ഉത്തരവ് വന്നതിന് പിന്നാലെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ച പ്രതി നിലവിൽ ഒളിവിലാണ്.

സ്റ്റേഷന് മുന്നിൽ നടന്ന സമരം അഹമ്മദ് സാലിഹ് ഉദ്ഘാടനം ചെയ്തു. പി. സബീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജസീല, പി.കെ. സലിജ എന്നിവർ സംസാരിച്ചു. അതേസമയം, 24 മണിക്കൂറിനകം പ്രതിയെ പിടികൂടുമെന്ന് പോലീസ് ഉറപ്പുനൽകിയതായി ജനകീയ സമരസമിതി ഭാരവാഹികൾ വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe