തിരൂർ: കേരള എക്സൈസിന്റെ ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനയുടെ ഭാഗമായി താനാളൂരിൽ പത്തുലക്ഷത്തിലധികം രൂപ വിലവരുന്ന 153.462 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിലായി. താനാളൂർ തേക്കുംകാട്ടിൽ അബ്ദുൾമജീദ് (40) ആണ് തിരൂർ എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ കെ. അനുശ്രീയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. ഇയാൾ താമസിക്കുന്ന താനാളൂർ കെ.ടി. ജാറത്തിന് സമീപമുള്ള വീട്ടിൽ നടത്തിയ വിശദമായ പരിശോധനയിലാണ് രാസലഹരി ശേഖരവും ഒപ്പം മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 2,46,000 രൂപയും പിടിച്ചെടുത്തത്.
വിദേശത്തുനിന്ന് കാരിയർമാരെ ഉപയോഗിച്ച് മലപ്പുറം ജില്ലയിലെ തീരദേശ മേഖലകളിലേക്ക് വൻതോതിൽ രാസലഹരി എത്തിക്കുന്നുണ്ടെന്ന് എക്സൈസ് ഇന്റലിജൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ലഹരി വിൽപ്പന ശൃംഖലയിലെ പ്രധാന കണ്ണിയായ അബ്ദുൽമജീദ് വലയിലായത്. സംഭവവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി.കെ. സൂരജ്, ഇന്റലിജൻസ് വിഭാഗം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി. പ്രഗേഷ്, പ്രിവന്റീവ് ഓഫീസർമാരായ ടി. ഗിരീഷ്, എം.കെ. ഷിജിത്, സിവിൽ എക്സൈസ് ഓഫീസർമാരായ കണ്ണൻ, എ.വി. അബിൻ, വി. ലാൽ, പി.ബി. വിനീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സി.പി. സജിത എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
