കോഴിക്കോട്: പണം നൽകാമെന്ന് വിശ്വസിപ്പിച്ച് മൊബൈൽ ഷോറൂം ജീവനക്കാരനിൽ നിന്ന് ഐഫോൺ കൈക്കലാക്കി കടന്നുകളഞ്ഞ പ്രതി പിടിയിലായി. വയനാട് മാനന്തവാടി സ്വദേശി കടവത്തു മീത്തൽ വീട്ടിൽ കെ.എം. സാജിദിനെയാണ് (36) മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം 17-നായിരുന്നു കേസിനാസ്പദമായ സംഭവം. മൊബൈൽ ഷോറൂം എക്സിക്യൂട്ടീവായ പുതിയറ സ്വദേശി ഫാഹിസിന്റെ ഐഫോൺ 82,000 രൂപയ്ക്ക് വാങ്ങാമെന്ന് പറഞ്ഞാണ് പ്രതി ഷോറൂമിന് മുന്നിലെത്തിയത്. തുടർന്ന് ഫോൺ കൈക്കലാക്കിയ സാജിദ് അക്കൗണ്ട് വഴി പണം അയച്ചുനൽകാമെന്ന് പറഞ്ഞ് സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും പണം ലഭിക്കാതായതോടെ ഫാഹിസ് മെഡിക്കൽ കോളജ് പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കോഴിക്കോട് വെച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
