പ്രമുഖ തീർഥാടന കേന്ദ്രമായ പറശ്ശിനിക്കടവിൽ എത്തുന്ന ഭക്തർക്കും വിനോദസഞ്ചാരികൾക്കും ആശ്വാസമായി ഹിൽ ടോപ്പ് പാർക്കിങ് ഏരിയ സജ്ജമാകുന്നു. മുത്തപ്പൻ മടപ്പുരയ്ക്ക് മുകളിലെ കുന്നിൻചെരിവിലൂടെ കടന്നുപോകുന്ന പറശ്ശിനിക്കടവ്-മയ്യിൽ റോഡരികിലാണ് ആധുനിക രീതിയിലുള്ള പാർക്കിങ് സൗകര്യം ഒരുങ്ങുന്നത്. സിമന്റ് കട്ടകൾ നിരത്തി മനോഹരമാക്കുന്ന ഈ ഭാഗത്ത് ചെറുതും വലുതുമായ എഴുപതോളം വാഹനങ്ങൾ ഒരേസമയം പാർക്ക് ചെയ്യാനാകും.
നിത്യേന ആയിരക്കണക്കിന് ആളുകൾ എത്തുന്ന ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാത്തത് വലിയ പ്രതിസന്ധിയായിരുന്നു. ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെ ദൂരസ്ഥലങ്ങളിൽ പാർക്ക് ചെയ്യേണ്ടി വരുന്നത് സഞ്ചാരികളെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. ഞായറാഴ്ചകളിലും മണ്ഡലകാലം, കൊട്ടിയൂർ ഉത്സവം തുടങ്ങിയ വിശേഷ ദിവസങ്ങളിലും അനുഭവപ്പെടുന്ന വലിയ തിരക്ക് നിയന്ത്രിക്കാൻ പുതിയ പാർക്കിങ് ഏരിയ സഹായകമാകും. ഏകദേശം 284 ലക്ഷം രൂപ ചെലവഴിച്ചുള്ള സമഗ്ര അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ഭാഗമായാണ് ഈ നിർമാണം.
നേരത്തെ സുരക്ഷാ ഭീഷണിയുണ്ടായിരുന്ന ഈ ഭാഗത്ത് അരികഭിത്തി ഇല്ലാത്തതിനാൽ നിരവധി അപകടങ്ങൾ സംഭവിച്ചിരുന്നു. കഴിഞ്ഞ വർഷം തീർഥാടകരുടെ കാർ 30 അടി താഴ്ചയിലേക്ക് മറിഞ്ഞ അപകടത്തിന് പിന്നാലെയാണ് അരികഭിത്തി നിർമിച്ച് ഈ പ്രദേശം സുരക്ഷിതമാക്കാനും പാർക്കിങ് ഏരിയയാക്കി മാറ്റാനുമുള്ള നടപടികൾ ഊർജിതമായത്. ഇതിനുപുറമെ, 350 ലക്ഷം രൂപ ചെലവിൽ പറശ്ശിനിക്കടവ് ബോട്ട് ജെട്ടി നവീകരണ പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്.
