താലൂക്ക് വികസന സമിതി യോഗത്തിൽ പങ്കെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണം: കെ.കെ. രമയും കെ.എം. അഭിജിത്തും

news image
Jun 7, 2026, 5:59 am GMT+0000 payyolionline.in

വടകര: താലൂക്ക് വികസന സമിതി യോഗങ്ങളിൽ തുടർച്ചയായി പങ്കെടുക്കാത്ത വകുപ്പുതല മേധാവികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് സമിതി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രധാനപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ അഭാവം സമിതിയുടെ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്നതായി യോഗത്തിൽ വ്യാപക പരാതി ഉയർന്നു. ഈ സാഹചര്യത്തിലാണ് ഹാജരാകാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെടുമെന്നും വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എം.എൽ.എ.മാരായ കെ.കെ. രമയും കെ.എം. അഭിജിത്തും വ്യക്തമാക്കിയത്. ചെക്യാട് പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ, സമിതി അംഗം പ്രദീപ് ചോമ്പാല എന്നിവരാണ് വകുപ്പ് മേധാവികൾ ഹാജരാവത്ത വിഷയം യോഗത്തിൽ ഉന്നയിച്ചത്.

ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള സർവീസ് റോഡുകളുടെ തകർച്ചയും അതുമൂലമുണ്ടാകുന്ന രൂക്ഷമായ ഗതാഗതക്കുരുക്കും ചർച്ച ചെയ്യാൻ വടകരയിൽ ഉന്നതതല യോഗം വിളിക്കുമെന്ന് കെ.കെ. രമ എം.എ.ൽ.എ. അറിയിച്ചു. ഷാഫി പറമ്പിൽ എം.പി.യും ഈ യോഗത്തിൽ പങ്കെടുക്കും. സമിതി അംഗങ്ങളായ ബാബു ഒഞ്ചിയം, പി.എം. മുസ്തഫ എന്നിവരാണ് സർവീസ് റോഡിലെ യാത്രാദുരിതം സമിതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

ജലജീവൻ മിഷൻ (JJM) പദ്ധതിക്കായി പൈപ്പുകൾ സ്ഥാപിച്ചതിനെത്തുടർന്ന് തകർന്ന റോഡുകൾ അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷൈജി പ്രമോദ് (ചോറോട്), മുജീബ് റഹ്മാൻ (വേളം), ഷജിന പ്രമോദ് (ഒഞ്ചിയം), സമിതി അംഗം ടി.വി. ഗംഗാധരൻ എന്നിവർ ആവശ്യപ്പെട്ടു. ഫണ്ട് ലഭ്യതയ്ക്കനുസരിച്ച് റോഡുകൾ നന്നാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി വാട്ടർ അതോറിറ്റി വിഭാഗം യോഗത്തെ അറിയിച്ചു.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻവർഷങ്ങളിലെപ്പോലെയുള്ള ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉരുൾപൊട്ടൽ ഭീഷണിയുള്ള വിലങ്ങാട് മേഖലയിൽ പ്രത്യേക ശ്രദ്ധയും മുൻകരുതലും വേണമെന്ന് കെ.എം. അഭിജിത്ത് എം.എൽ.എ. ആവശ്യപ്പെട്ടു. വടകര കോടതിക്ക് മുന്നിലുള്ള ചരിത്രപ്രധാനമായ അഞ്ച് വിളക്കും ഗാന്ധി പ്രതിമയും തകർന്ന നിലയിലാണെന്നും ഇവ അടിയന്തരമായി സംരക്ഷിക്കാൻ നടപടി വേണമെന്നും സമിതി അംഗം പി.പി. രാജൻ ആവശ്യപ്പെട്ടു.

വടകര താലൂക്ക് വികസന സമിതി യോഗത്തിൽ കെ.എം. അഭിജിത്ത് എം.എൽ.എ. അധ്യക്ഷത വഹിച്ചു. തഹസിൽദാർ എൻ.കെ. സുബൈർ, സമിതി അംഗങ്ങളായ പി.പി. രാജൻ, പ്രദീപ് ചോമ്പാല, ടി.വി. ഗംഗാധരൻ, പി.എം. മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe