നിതിൻ രാജിന്റെ മരണം: പ്രതി റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ അതൃപ്തി അറിയിച്ച് ഹൈക്കോടതി

news image
Jul 17, 2026, 9:46 am GMT+0000 payyolionline.in

കൊച്ചി: അഞ്ചരക്കണ്ടി ദന്തൽ കോളജിലെ വിദ്യാർത്ഥിയായിരുന്ന നിതിൻ രാജ് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസിൽ പ്രതി ഡോ. എം കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി. സുപ്രീംകോടതി മുൻകൂർ ജാമ്യം നിഷേധിച്ചിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതെന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസിന് രണ്ട് നീതിയാണ്. കൈ വിറയ്ക്കുന്ന പൊലീസിന് എങ്ങനെ നീതി നടപ്പാക്കാനാവുമെന്നും ഹൈക്കോടതി ചോദിച്ചു.

അന്വേഷണ ഉദ്യോഗസ്ഥൻ എഡിജിപി എച്ച് വെങ്കിടേഷിനെതിരെയും ഹൈക്കോടതി വിമർശനം ഉന്നയിച്ചു. പ്രതിയെ പിടിക്കാത്തതിൽ ഉത്തരവാദി എഡിജിപി എച്ച് വെങ്കിടേഷാണെന്ന് ഹൈക്കോടതി പറഞ്ഞു. പരാതി വന്നാൽ ഗൗരവമായി കൈകാര്യം ചെയ്യുമെന്നും ജസ്റ്റിസ് എ ബദറുദ്ദീൻ പറഞ്ഞു.

മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിട്ടുണ്ട്. അതൃപ്തി അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ബോഡി ബിൽഡർമാരുടെ നിയമന വിഷയം പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ വിമർശനം. കേസിൽ ഡോ. എം കെ റാം മാത്രമാണ് പ്രതി. ഇയാൾ നിലവിൽ ഒളിവിലാണ്. നിലവിൽ റാം ആന്ധ്രാപ്രദേശിലുള്ളതായാണ് സൂചന.

ഇക്കഴിഞ്ഞ പതിമൂന്നാം തീയതിയായിരുന്നു റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയത്. ക്ലാസ് മുറിയിൽവെച്ച് നിതിൻ രാജ് അധിക്ഷേപിക്കപ്പെട്ടുവെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽവെച്ചായിരുന്നു നിതിനെ അധ്യാപകൻ അധിക്ഷേപിച്ചത്. അധ്യാപകനെതിരെ അന്ന് നടപടിയെടുത്തിരുന്നെങ്കിലും നടക്കുക മറ്റൊന്നാകുമായിരുന്നുവെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു.

തിരുവനന്തപുരം ആര്യനാട് സ്വദേശിയായിരുന്ന നിതിൻ രാജ് ഇക്കഴിഞ്ഞ ഏപ്രിൽ പത്തിനായിരുന്നു ജീവനൊടുക്കിയത്. കോളേജ് കെട്ടിടത്തിൽ നിന്ന് ചാടുകയായിരുന്നു. അധ്യാപകരിൽ നിന്നുണ്ടായ ജാതി അധിക്ഷേപത്തിൽ മനംനൊന്താണ് നിതിൻ രാജ് ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ മൊഴി നൽകിയിരുന്നു. കേസിലെ രണ്ടാം പ്രതിയായ കോളേജിലെ അധ്യാപിക സംഗീത നമ്പ്യാർക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe