കണ്ണൂർ: കെ സുധാകരൻ വോട്ട് ചെയ്തതിൽ ഗുരുതര ചട്ടലംഘനം നടന്നതായി പരാതി. ഇവിഎം കംപാർട്ട്മെന്റിലേക്ക് കെ സുധാകരന്റെ അനുയായി ജയന്ത് ദിനേശ് എത്തി. അനധികൃതമായി ഇവിഎം കംപാർട്ട്മെന്റിൽ പ്രവേശിച്ച് മൊബൈലിൽ വീഡിയോ ചിത്രീകരിച്ചെന്ന് കാട്ടി യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. രഹസ്യവോട്ടെടുപ്പെന്ന തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നാണ് കെ ഷിജിൽ നൽകിയ പരാതിയിലെ ആരോപണം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സഹിതമാണ് ഷിജിൽ പരാതി നൽകിയത്.
കണ്ണൂർ കീഴുന്ന സൗത്ത് യുപി സ്കൂളിലെ പോളിംഗ് ബൂത്തിലാണ് കെ സുധാകരൻ വോട്ട് ചെയ്തത്. വോട്ട് ചെയ്യാനെത്തിയപ്പോൾ അദ്ദേഹത്തിനൊപ്പം അനുയായി ജയന്ത് ദിനേശ് ഉണ്ടായിരുന്നു. രേഖകൾ പോളിംഗ് ഉദ്യോഗസ്ഥരെ കാണിച്ച് ഇവിഎം കംപാർട്ട്മെന്റിന് സമീപത്തേക്ക് പോകുമ്പോൾ ജയന്ത് ദിനേശും കൂടെപ്പോവുകയും ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തു എന്നാണ് യുവമോർച്ച പരാതിയിൽ പറയുന്നത്. ഇവിഎം കംപാർട്ട്മെന്റിനടുത്തേക്ക് ആർക്കും പോകാൻ അനുവാദമില്ല. ഓപ്പൺ വോട്ട് ചെയ്യുകയാണെങ്കിൽ മാത്രമേ മറ്റൊരാൾക്ക് പോകാൻ അനുമതിയുളളു. സുധാകരൻ സഹായി വോട്ടല്ല ചെയ്തത്. അതിനാൽ ഗുരുതര ചട്ടലംഘനമാണ് നടന്നതെന്നാണ് ആരോപണം.
