‘നടന്നത് സംഘപരിവാറിൻ്റെ രാഷ്ട്രീയ വേട്ട, ഇ ഡി അല്ല ഏത് ഡി വന്നാലും ഭയപ്പെടില്ല’: മുഹമ്മദ് റിയാസ് എംഎൽഎ

news image
May 27, 2026, 10:42 am GMT+0000 payyolionline.in

തിരുവനന്തപുരം: സിഎംആർഎൽ- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലടക്കം വിവിധ ഇടങ്ങളിൽ നടന്ന ഇ ഡി റെയ്ഡിൽ പ്രതികരണവുമായി മുഹമ്മദ് റിയാസ് എംഎൽഎ. സംഭവിച്ചത് സംഘപരിവാർ നടത്തിയ രാഷ്ട്രീയ വേട്ടയെന്നാണ് റിയാസിൻ്റെ പ്രതികരണം. ഇ ഡി അല്ല ആരുവന്നാലും ഭയപ്പെടില്ലെന്നും റിയാസ് വ്യക്തമാക്കി. സിപിഎമ്മിൽ പ്രവർത്തിക്കുന്നത് എംഎൽഎ ആകുമോ മന്ത്രി ആകുമോ എന്ന് നോക്കിയിട്ടല്ലെന്നും ഇത്തരം ഭീഷണികൾ നേരിടേണ്ടി വരുമെന്ന് ഉറപ്പായിരുന്നെന്നും അദേഹം പറഞ്ഞു. തല പോയാലും മതനിരപേക്ഷ നിലപാടുകളുമായി പോരാടുമെന്നും റിയാസ് കൂട്ടിച്ചേ‍ർത്തു.

‘നിയമാനുസൃതം നടത്തിയ ബിസിനസിനെതിരെയാണ് ഇ ഡി അന്വേഷണം നടന്നത്. കേസിൻ്റെ ആദ്യഘട്ടം മുതലെ അന്വേഷണ സംഘവുമായി ബിസിനസ് ഉടമ സഹകരിച്ച് പോയതാണ്. നികുതിയടച്ച് അടച്ച് നിയമപരമായി നടത്തിയ സ്ഥാപനമാണ്. കേസിൻ്റെ രാഷ്ട്രീഷം നേരത്തെ തന്നെ വ്യക്തമായതാണ്. വിഷയത്തിൻ്റെ രാഷ്ട്രീയ വശങ്ങൾ പാ‍ർട്ടി സെക്രട്ടറി അറിയിച്ചതാണ്’, മുഹമ്മദ് റിയാസ് പ്രതികരിച്ചു.

ഇ ഡി റെയ്ഡിൽ പ്രതികരിച്ച് മുഹമ്മദ് റിയാസിൻ്റെ അഭിഭാഷകൻ അഡ്വ. സി എം ജംഷീറും രം​ഗത്തെത്തിയിരുന്നു.
കോട്ടൂളിയിൽ റിയാസിന്റെ വീട്ടിൽ നടന്നത് റെയ്ഡ് നാടകമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. എല്ലായിടത്തും പരിശോധന നടത്തിയെന്നും പ്രായമായവരെ പ്രതികളെപ്പോലെയാണ് ഉദ്യോഗസ്ഥർ കണ്ടതെന്നും അഭിഭാഷകൻ പറഞ്ഞു. റെയ്ഡിൽ ഒന്നും കണ്ടെത്താനായില്ലെന്ന് ഉദ്യോ​ഗസ്ഥർ തന്നെ എഴുതി നൽകിയെന്നും അദേഹം വ്യക്തമാക്കി. മനുഷ്യാവകാശ ലംഘനത്തെ നിയമപരമായി നേരിടുമെന്നും നിയമസാധ്യതകൾ പരിശോധിക്കുമെന്നും അഭിഭാഷകൻ പറഞ്ഞു.

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണൂരിലേയും തിരുവനന്തപുരത്തേയും വീടുകളിലും സിഎംആർഎൽ ഓഫീസിലും അടക്കം 14 ഇടങ്ങളിലാണ് പരിശോധന നടന്നത്. രാവിലെ ഏഴ് മണിക്ക് മുമ്പായി ആരംഭിച്ച റെയിഡിനെതിരെ സിപിഐഎം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പിണറായി വിജയന്റെ തലസ്ഥാനത്തെ വാടകവീട്, കണ്ണൂരിലെ വീട്, മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്, സിഎംആർഎൽ എം ഡി ശശിധരൻ കർത്തയുടെ കൊച്ചിയിലെ വീട്, ആലുവയിലെ സിഎംആർഎൽ ഓഫീസ്, ബെംഗളൂരുവിലെ എക്‌സാലോജിക് ഓഫീസ്, ശശിധരൻ കർത്തയുമായി ബന്ധപ്പെട്ട മറ്റു രണ്ടിടങ്ങൾ ഉൾപ്പെടെ 14 ഇടങ്ങളിലായിരുന്നു ഇ ഡി റെയ്ഡ്.

പരിശോധന നടക്കുമ്പോൾ പിണറായി വിജയനും കുടുംബവും തിരുവനന്തപുരത്തെ വാടകവീട്ടിലായിരുന്നു ഉണ്ടായിരുന്നത്. പരിശോധനയ്ക്കിടെ വീണയുടെ മൊഴി ശേഖരിച്ച ഇഡി, വിശദമായി വിവരങ്ങൾ ശേഖരിക്കുന്നതിന് പിന്നീട് സമൻസ് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. പരിശോധന ആരംഭിച്ചതിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായി സിപിഐഎം പ്രവർത്തകരും രംഗത്തെത്തി. ഇ ഡി പരിശോധനയിൽ സിപിഐഎം പ്രവർത്തകർ രാജ്യവ്യാപകമായി പ്രതിഷേധം നടത്തി വരികയാണ്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe