മലപ്പുറം: കെഎസ്ആർടിസിയുടെ ‘പ്രിയദർശിനി’ സൗജന്യ യാത്രാപദ്ധതി മലപ്പുറം ജില്ലയിൽ വലിയ വിജയമാകുന്നു. പദ്ധതിയുടെ ആദ്യ ഒരു മാസം പിന്നിടുമ്പോൾ മലപ്പുറം ജില്ലയിലെ കണക്കുകളിൽ പെരിന്തൽമണ്ണ ഡിപ്പോയാണ് ഒന്നാമത്. ജൂൺ 15 മുതൽ ജൂലൈ 14 വരെയുള്ള ഒരു മാസത്തെ കണക്കുകൾ പ്രകാരം 2,63,128 വനിതകളാണ് പെരിന്തൽമണ്ണയിൽ നിന്ന് ഈ സൗകര്യം പ്രയോജനപ്പെടുത്തിയത്. യാത്രക്കാരുടെ എണ്ണത്തിൽ മാത്രമല്ല, ‘സീറോ ടിക്കറ്റ്’ വഴിയുള്ള വരുമാനക്കണക്കിലും പെരിന്തൽമണ്ണയാണ് മുന്നിൽ. 89,09,363 രൂപയാണ് ഇവിടെ നിന്ന് ലഭിക്കേണ്ട തുക. ദീർഘദൂര ടൗൺ-ടു-ടൗൺ സർവീസുകൾ അധികമുള്ളതാണ് പെരിന്തൽമണ്ണ ഡിപ്പോയുടെ ഈ വലിയ നേട്ടത്തിന് കാരണം. ജില്ലയിലാകെ ഒരു മാസത്തിനുള്ളിൽ 9.11 ലക്ഷം വനിതകളാണ് പദ്ധതി പ്രയോജനപ്പെടുത്തിയത്. ഇതിലൂടെ കെഎസ്ആർടിസിക്ക് ലഭിക്കേണ്ട ആകെ ‘സീറോ ടിക്കറ്റ്’ വരുമാനം 2.9 കോടി രൂപയാണ്.
വിവിധ ഡിപ്പോകളിലെ ഒരു മാസത്തെ കണക്കുകൾ
* പെരിന്തൽമണ്ണ: 2,63,128 വനിതകൾ ്യു 89,09,363 രൂപ.
* പൊന്നാനി: 2,37,403 വനിതകൾ ്യു 62,67,728 രൂപ.
* മലപ്പുറം: 2,35,588 വനിതകൾ ്യു 81,24,557 രൂപ.
* നിലമ്പൂർ: 1,75,255 വനിതകൾ ്യു 57,02,107 രൂപ
യാത്രക്കാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് പൊന്നാനി ഡിപ്പോയാണെങ്കിലും, ടിക്കറ്റ് വരുമാനക്കണക്കിൽ മലപ്പുറം ഡിപ്പോയാണ് രണ്ടാമത്. ദീർഘദൂര സർവീസുകൾ കൂടുതൽ ഉള്ളയിടങ്ങളിൽ വരുമാനക്കണക്കും വർദ്ധിക്കുന്നു എന്നതിന്റെ തെളിവാണ് ഈ സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത്.
