ദ്വീപുകളിലേക്ക് ഇനി പറന്നിറങ്ങാം; യാത്രാക്ലേശത്തിന് പരിഹാരമായി കൊച്ചി – ലക്ഷദ്വീപ് സീ പ്ലെയിൻ സർവീസിന് തുടക്കമാകുന്നു

news image
Jul 17, 2026, 12:16 pm GMT+0000 payyolionline.in

കൊച്ചി: ലക്ഷദ്വീപ് യാത്രക്കാരുടെ യാത്രാക്ലേശത്തിന് പരിഹാരമായി കൊച്ചി – ലക്ഷദ്വീപ് സീ പ്ലെയിൻ സർവീസ് തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഞായറാഴ്ച കേന്ദ്ര വ്യോമയാന മന്ത്രി അഗത്തിയിൽ വെച്ച് സർവീസിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. കരയിലും വെള്ളത്തിലും ഒരുപോലെ ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫിബിയൻ വിമാനങ്ങളാണ് സർവീസിനായി ഉപയോഗിക്കുന്നത്.

ദ്വീപുകളിലേക്കുള്ള യാത്രാ സൗകര്യം വർദ്ധിപ്പിക്കുന്നതിനൊപ്പം ലക്ഷദ്വീപ് ടൂറിസത്തിന് വൻ കുതിപ്പേകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സീ പ്ലെയിൻ സർവീസ് ആരംഭിക്കുന്നത്. കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലേക്കും തിരിച്ചും എളുപ്പത്തിൽ യാത്ര ചെയ്യാൻ ഇത് സഹായിക്കും. കവരത്തി, കൽപേനി, അഗത്തി, കടമത്ത്, കിൽത്താൻ എന്നീ പ്രധാന ദ്വീപുകൾ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. സർവീസിന് മുന്നോടിയായുള്ള അവസാനവട്ട പരീക്ഷണ പറക്കൽ വ്യാഴാഴ്ച വിജയകരമായി പൂർത്തിയാക്കി.

പൈലറ്റും ക്യാബിൻ ക്രൂവും ഉൾപ്പെടെ ഒരേസമയം 20 പേർക്ക് ഈ വിമാനത്തിൽ യാത്ര ചെയ്യാനാകും. കപ്പൽ മാർഗ്ഗമുള്ള ദീർഘദൂര യാത്രയ്ക്ക് പകരമായി കുറഞ്ഞ സമയത്തിനുള്ളിൽ ദ്വീപുകളിൽ എത്തിച്ചേരാനാകുമെന്നത് വിനോദസഞ്ചാരികൾക്കും ദ്വീപ് നിവാസികൾക്കും ഒരുപോലെ ആശ്വാസമാകുന്ന കാര്യമാണ്. അടിയന്തര ഘട്ടങ്ങളിൽ മെഡിക്കൽ ഇവാക്വേഷൻ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കും സീ പ്ലെയിൻ സർവീസ് ഏറെ പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe